ഭീതി

- കഥ
- ഹരികൃഷ്ണൻ ജി. ജി.

     നിരോധിക്കപ്പെട്ട പുസ്തകത്തിന്റെ പഴയ പതിപ്പുകൾ അലമാരയിൽ തിരയുമ്പോളാണ് ഭീതി എന്റെ സിരകളിലൂടെയും അരിച്ചു കയറാൻ തുടങ്ങിയത്.
    
നിരോധിക്കപ്പെട്ട പുസ്തകം കൈവശം വൈക്കുന്നത് കുറ്റകരമാണെന്നും, കണ്ടെടുത്താൽ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നും, അതിൽ തടസമൊന്നുമില്ലെന്ന് നിയമോപദേശം കിട്ടിക്കഴിഞ്ഞതായും അധികാരസ്ഥാനങ്ങളിൽ നിന്നും വാർത്തകൾ വന്നതോടെ പൊതു ലൈബ്രറികളിൽ നിന്നും പുസ്‌തകങ്ങൾ അപ്രത്യക്ഷമായി.
സ്‌കൂൾ ഗ്രന്ഥാലയത്തിൽ പുസ്തകത്തിന്റെ പഴയ ഒരു പതിപ്പ് കണ്ടെത്തിയ വിദ്യാർത്ഥി സംഘം അദ്ധ്യാപകനെ തല്ലിക്കൊന്ന വാർത്ത പത്രങ്ങളിൽ വന്നിരുന്നു. ഗ്രന്ഥം സ്കൂൾ ലൈബ്രറിയിൽ നിന്നും മാറ്റുന്നതിൽ വീഴ്ച്ചവരുത്തിയ അദ്ധ്യാപകനെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പത്രക്കുറിപ്പിറക്കി.

     പൊതുജനങ്ങൾക്ക് സ്വകാര്യ ഗ്രന്ഥശേഖരങ്ങളിൽ സൂക്ഷിച്ചിട്ടുള്ള പ്രസ്തുത പുസ്തകത്തിന്റെ പതിപ്പുകൾ അടുത്തുള്ള പൊതു മേഖലാ സ്ഥാപനത്തിൽ സമർപ്പിച്ച് മാപ്പ് എഴുതി നൽകാനുള്ള  അവസാന തീയതി വെള്ളിയാഴ്ച  അവസാനിച്ചു.
 
    അവിടെ നിന്നും അവ പേപ്പർ നിർമാണ ഫാക്ടറികളിലേക്ക് പോകും. റീസൈക്കിൾ ചെയ്ത് പുതിയ കടലാസുകളാക്കി രാഷ്ട്രത്തിന്റെ പുത്തൻ നയങ്ങൾ അച്ചടിച്ച് പുതുതലമുറയ്ക്ക് വിളക്കുകാണിക്കും.

എങ്കിലും! എനിക്കൊരു സ്വസ്ഥതയില്ല.

ഒന്നുകൂടി വായിക്കണം.

പല തവണ വായിച്ചതാണ്. ഓരോ അദ്ധ്യായവും ഹൃദ്യസ്ഥമാണ്.

സ്റ്റേറ്റ് ബാങ്കിന്റെ അടുത്തുള്ള ശാഖയിൽ വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് കോപ്പികൾ കൊണ്ടുചെന്ന് മാപ്പെഴുതി കൊടുക്കാൻ തുനിഞ്ഞപ്പോൾ പരിചയക്കാരൻ കൂടിയായ മാനേജർ കനപ്പിച്ചൊന്നു നോക്കി,

''ഒരു കോപ്പി സറണ്ടർ ചെയ്തതായി ഞാൻ രേഖകളിൽ കാട്ടാം. ബാക്കി രണ്ടും ഇവിടെ വച്ചു തന്നെ കത്തിക്കണം. മൂന്ന് കോപ്പിയൊക്കെ കയ്യിൽ ഉണ്ടായിരുന്നെന്ന് കടലാസിൽ വന്നാൽ അത് തനിക്ക് പ്രശ്നമായേക്കും."

 അവിടെ മുൻപും അനേകം പുസ്തകങ്ങൾ കത്തിച്ചതിന്റെ പാട്.

മൂന്ന് പുസ്തകങ്ങൾ.

ഒന്ന് അച്ഛൻ എനിക്ക് വാങ്ങിത്തന്നത്. മലയാളം തർജ്ജമ. രണ്ടാമത്തേത്‌ ഞാൻ തന്നെ വാങ്ങിയ ഇംഗ്ലീഷ് തർജ്ജമയും പഠനവും. മൂന്നാമത്തേത് ഞാൻ മകന് വാങ്ങിക്കൊടുത്തതായിരുന്നു, മലയാളം തർജ്ജമ തന്നെ. ആദ്യത്തേതിൽ നിന്നും അതിൽ ഭാഷയ്ക്ക് മാറ്റമുണ്ട്. കുറേ ഭാഗങ്ങൾ കുറവും ആയിരുന്നു. അന്നേ കനത്ത സെൻസറിങ്ങിന് പുസ്തകം വിധേയമായിരുന്നിരിക്കണം.

മകൻ അത് വായിച്ചതായി അറിയില്ല.

''ഞാൻ പഠിച്ചിട്ടുണ്ട് ഇതൊക്കെ കള്ളമാണെന്ന്''
ഒരിക്കൽ അവൻ എന്നോട് പറഞ്ഞു.

പട്ടാളക്കാരുടെ ധീരതയെ പുകഴ്ത്തുന്ന ഒരു പാട്ട് താളത്തിൽ ചൊല്ലിക്കൊണ്ട് അവൻ പുസ്തകം ഷെൽഫിലെ ഭംഗിയുള്ള അടുക്കിലേക്ക് ചേർത്തുവച്ചു.

പഴയ ഒരു മാസികയിൽ ഈ പുസ്തകം ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എട്ടോ പത്തോ ഭാഗങ്ങൾ പുറത്തിറങ്ങിയപ്പോഴേക്കും എതിർപ്പുകാരണം പത്രാധിപർക്ക് അത് പിൻവലിക്കേണ്ടിവന്നു. അത്ര പ്രശസ്തമൊന്നുമല്ലാതിരുന്ന മാസികയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ചീപ് പബ്ലിസിറ്റി ഫൈറ്റ് ആയിരുന്നെന്ന് അന്നേ വിമർശനം ഉയർന്നിരുന്നു.

കുറേ നാളുകൾക്കുശേഷം അതിന്റെ പത്രാധിപരെ ഒരു അജ്ഞാതസംഘം വെടിവച്ചു കൊന്നു. പുതുമയില്ലാത്ത വാർത്ത ആയതിനാൽ അധികം ആരും ശ്രദ്ധിച്ചിരിക്കില്ല, അന്വേഷണവും എങ്ങെങ്ങുമെത്തിയില്ല.

  വലിയ പരസ്യമൊക്കെ നൽകി ആത്മകഥ പുനർ പ്രസിദ്ധീകരിച്ച ആ പന്ത്രണ്ട് ലക്കം മാസികകളും ഞാൻ വാങ്ങിയിരുന്നു. പ്രത്യേക ശ്രദ്ധയോടെ ഷെൽഫിൽ സൂക്ഷിച്ച് വച്ചതുമാണ്.

   അലമാര അരിച്ചു പറക്കി നോക്കി. പഴയ പത്രങ്ങളുടെ കൂന ഓരോന്നായി പരിശോധിച്ചു. ചിതലരിച്ച, കാണാതായെന്ന് പലപ്പോഴായി കരുതിയ പലതും കണ്ടുകിട്ടി. മാസികകൾ മാത്രം കണ്ടില്ല...

   ആദ്യ അദ്ധ്യായം അച്ചടിച്ചുവന്ന മാസികയിൽ, എനിക്ക് ഓർമയുണ്ട്, മുഖചിത്രം:
'മുൻവരിപ്പല്ല് പൊപ്പോയ, മോണകാട്ടിച്ചിരിക്കുന്ന' ആ മുഖമായിരുന്നു.

അതെനിക്ക് പണ്ട് അമ്മൂമ്മ പാടിത്തന്ന ഒരു പാട്ടാണ്.
 
   * '' മുൻവരിപ്പല്ലു പൊപ്പോയ
        മോണകാട്ടിച്ചിരിക്കുന്ന
        ചമ്രം പടിഞ്ഞിരിക്കുന്ന
        പടംനീ കണ്ടതില്ലയോ...?
        അതാണ്‌ ഗാന്ധിയപ്പൂപ്പൻ,
        ആരിലും കനിവുള്ളവൻ
        കൊച്ചു കുഞ്ഞുങ്ങളോടൊത്തു
        കളിപ്പാൻ കൊതിയുള്ളവൻ ''

ആ മാസികയുടെ മുൻ പേജിൽ വലുതായി എഴുതിയിരുന്നു: ''എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ'' പുന:പ്രസിദ്ധീകരണം...


മാപ്പെഴുതിക്കാെടുത്ത് രക്ഷപ്പെടാൻ തീരുമാനിച്ച നിമിഷത്തെ ഞാൻ ശപിച്ചു... മൂന്ന് പുസ്തകങ്ങളും ബാഗിലാക്കി വേഗം തെരുവിലേയ്ക്കിറങ്ങുമ്പാേൾ എതിരേ കൈ കൂപ്പി നടന്നുവരുന്ന മനുഷ്യന്റെ കൈകൾക്കുള്ളിൽ ഒരു റിവോൾവർ ഒളിഞ്ഞിരിക്കുന്നത് ഞാൻ വേഗം തിരിച്ചറിഞ്ഞു. മൂന്ന് വെടിയാെച്ചകളുടെ മുഴക്കം ആരെയും അത്ഭുതപ്പെടുത്തിയില്ല എന്നതാണ് യാദാർത്ഥ്യം...

* കവിത എനിക്ക് കുട്ടിക്കാലത്ത് അമ്മൂമ്മ പാടിത്തന്നതാണ്. എഴുതിയത് ആരാണെന്ന് അറിയില്ല... അറിയുന്നവർ അത് പറഞ്ഞു തന്നാൽ സന്തോഷം.

       ......................................................

- കഥ
- ഭീതി
- ഹരികൃഷ്ണൻ ജി.ജി.
- 8289912348, harikrishnangg95@gmail.com

Comments

  1. കിടിലൻ കഥ. സമകാലികം

    ReplyDelete
  2. ഏറ്റവും അവസാനം വായനക്കാരന്റെ അന്ത്യം ഗാന്ധിജിയുടെ അന്ത്യനാളിനോട് ഉപമിക്കുന്നത്, ഏറ്റവും അനുയോജ്യമായത് തോന്നി. സമകാലിക പ്രസക്തം 👍

    ReplyDelete

Post a Comment

Popular posts from this blog

ഉത്രാടപൂനിലാവേ...

ഇതെന്താ ഇങ്ങനെ?!