'അ'രാഷ്ട്രീയം'
*'അ'രാഷ്ട്രീയം*
രണ്ടു ദിവസമായി സുഹൃത്തുകളുടെ വാട്സാപ്പ്സ്റ്റാറ്റസുകൾ നിറയെ കാശ്മീരിൽ നിന്നുള്ള ആ കുഞ്ഞു മകളാണ്.
വിങ്ങൽ അടക്കാനാവാതെയാണ് ഓരോതവണയും ലൈംഗിക പീഢന വാർത്തകൾ കൺമുന്നിലൂടെ കടന്നുപോകുന്നത്. എല്ലായിപ്പോഴും അതേ വാഗ്വാതങ്ങൾ, അതേ സ്റ്റാറ്റസുകൾ. അതിനിടയിലും ബസിൽവച്ച് സഹയാത്രികയെ നോക്കി സ്വയംഭോഗം ചെയ്യുന്നവർ, അതിന്റെ വീഡിയോകൾ യൂ ട്യൂബിലും പോൺസൈറ്റുകളിലും ആഘോഷിക്കലുകൾ, ഫെയ്സ്ബുക്കിലെ വിഴുപ്പലക്കലുകൾ.
ഇന്നലെ വരെ കേട്ട വാർത്തകൾക്കൊക്കെ അപ്പുറം കാശ്മീരിൽ നിന്നുള്ള ആ വാർത്തയ്ക്ക് ചില അർത്ഥങ്ങളുണ്ട് എന്ന് എഴുതാൻ തുനിയുമ്പോൾ പല പല സ്ഥലപ്പേരുകൾ മനസിൽ തെളിയുന്നു. ആദ്യം അവർ നിന്നെ അവഹേളിക്കുന്നു, പിന്നീട് ഞങ്ങൾ നിന്നെ ഒരു സ്ഥലപ്പേരിനോട് ചേർത്തുനിർത്തുന്നു. അതാണല്ലോ പതിവ്. ദൽഹി, സൂര്യനെല്ലി, ഐസ്ക്രീം പാർലർ... അങ്ങനെ..!!!
സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കുന്ന വികാരങ്ങളിൽ ഒന്ന് ഇന്ത്യൻ നിയമങ്ങൾക്കെതിരേയുള്ളതാണ്. പലരും 'പെണ്ണിന്റെ മേൽ കൈ വച്ചാൽ അവന്റെ വിരളല്ല കൈ തന്നെ വെട്ടണം' എന്ന ബാഹുബലി ഡയലോഗുമായാണ് കളംനിറയുന്നത്. രാജഭരണം നിലനിൽക്കുന്ന, മതത്തിന്റെ കൂച്ചുവിലങ്ങിൽ നിന്നുകൊണ്ട് ചിന്തിക്കുന്ന അറേബ്യൻ രാജ്യങ്ങളാണ് പലരുടേയും സ്വപ്നഭൂമി. അത്തരം തുറുങ്കുകളെക്കാൾ എത്രയോ മേന്മകളേറിയതാണ് നമ്മൾ ജീവിക്കുന്ന ജനാധിപത്യം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ ഭരണസംവിധാനം എന്ന് തിരിച്ചറിയാത്തവരാണോ നിങ്ങൾ...!
നമ്മുടെ നിയമങ്ങൾ ലോകത്തെ ഏറ്റവും മികച്ചവയാണ്. കണ്ണും പൂട്ടി കൈ വെട്ടാനോ തല വെട്ടാനോ കൽപ്പിക്കുന്നത് കാടൻ നിയമങ്ങൾ. ലഭിക്കുന്ന നീതിയെക്കാൾ ആയിരം മടങ്ങ് നിരപരാധികളെ കബന്ധങ്ങളാക്കാൻ മാത്രമേ അത്തരം നിയമങ്ങൾ ഉപകരിക്കൂ...
ജനാധിപത്യ രാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തം ജനാധിപത്യ ബോധമില്ലാത്ത പൗരന്മാരാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ജനാധിപത്യ ബോധമില്ലാത്ത ആ കൂട്ടത്തിലേയ്ക്ക് വർഗീയതയുടെ, വിഭാഗീയതയുടെ വിഷഗീതം പാടി അവരെ മയക്കി രാജാവാകാൻ ശ്രമിക്കുന്ന ഒരു 'രാഷ്ട്രീയ' സമൂഹം കൂടി ചേർന്ന സവിശേഷ സാഹചര്യമാണ് ഇന്ത്യ അടക്കം ചില (പല ) രാജ്യങ്ങളിലും ഇപ്പോൾ കാണാനാകുന്നത്.
ഒരിടത്തവന്നു പേർ ട്രംപെന്നാണെങ്കിൽ
വേറൊരിടത്തു നമോയെന്നു പേർ....
അവരുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകൾ മനുഷ്യരുടെ മനസിൽ അങ്ങുമിങ്ങും തളിർത്തും തളർന്നും കിടന്ന മെക്സിക്കൻ മതിലുകളെ ചൈനയിലെ വൻമതിൽ പോലെ സുദൃഢമാക്കാൻ കിണഞ്ഞു ശ്രമിച്ചു. ഫലം മനുഷ്യരെ കൂടുതൽ ഭ്രാന്തന്മാരാക്കി. തോക്കിനെ പുകഴ്ത്തുന്ന അരചനുള്ള നാട്ടിൽ തോക്കുമായി മനോരോഗികൾ സംഹാരനൃത്തമാടുന്നതിൽ അത്ഭുതമുണ്ടോ!
'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന് പണ്ട് ഞാൻ പഠിച്ച മഠത്തുവാതുക്കൾ എൽ.പി.എസ് ന്റെ മതിലുകളിലെവിടെയോ എഴുതി വച്ചിട്ടുണ്ടായിരുന്നു (അതോ 'മടി' എന്നാണോ എന്ന് ഇപ്പോൾ സംശയം തോന്നുന്നു. എന്തായാലും എന്റെ മനസിൽ കയറിയത് മതം എന്ന് തന്നെയാണ്. ''മതം' മനുഷ്യനെ മയക്കുന്ന കറുപ്പാണ് ' എന്ന്.). ആ കറുപ്പ് മനുഷ്യ മനസുകളെ ചിന്തിക്കാനാകാത്ത വിധം മയക്കി അതിന്റെ ചെപ്പിനകത്താക്കീ എന്നതിന് നെഞ്ചിൽ തട്ടിയുളള ഒരു തെളിവാണ് എല്ലാവിധത്തിലും കാശ്മീർ. 'എല്ലാവിധത്തിലും' കാശ്മീർ.!
ഞാൻ അടക്കമുള്ള ഈ മഹത്തായ ജനാധിപത്യ രാജ്യത്തിലെ ഓരോ യൂസ്ലെസ് പൗരന്മാർക്കും ഇവിടെ നടക്കുന്ന ദൗർഭാഗ്യകരമായ എല്ലാ സംഭവങ്ങൾക്കു മേലും ഉത്തരവാദിത്തമുണ്ട്. നമ്മുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാനുള്ള ഒരു മാർഗം മാത്രമായാണ് നിയമങ്ങളെ അടക്കം തെറി പറയുന്ന നമ്മുടെ സ്റ്റാറ്റസ് സ്വയംഭോഗങ്ങൾ...
ആവശ്യമെങ്കിൽ നമുക്കു തന്നെ തിരുത്താനാവും വിധം സുന്ദരവും മഹത്തരവുമായ ഒരു ഭരണഘടന നമുക്ക് സ്വന്തമായുണ്ട്. അതിന്റെ താക്കോൽ അഴിമതിക്കാരേയും മതഭ്രാന്തന്മാരേയും ആൺലോകങ്ങളിൽ മാത്രം അഭിരമിക്കുന്നവരേയും ഏൽപ്പിച്ച് സുഖകരമായ ഇരുട്ടിൽ ഉറങ്ങുകയാണ് നമ്മൾ. ഇടയ്ക്ക് ഒരു കെജരിവാൾ വരുമ്പോൾ, ഒരു കന്നയ്യ കുമാർ വരുമ്പോൾ, ഒരു ജിഗ്നേഷ് മേവാനി വരുമ്പോൾ ആ വെളിച്ചങ്ങളിലേക്ക് നോക്കി നമ്മളൊന്ന് കണ്ണു ചിമ്മും. പിന്നെ തിരിച്ച് നമ്മുടെ ഇരുണ്ട സുഖകരമായ സുഷുപ്തിയിലേക്ക് മടങ്ങും.
ഫാസിസമെന്ന വാക്ക് പരാമർശിക്കപ്പെട്ടാൽ തൊട്ടുപിന്നാലെ ഉയർന്നു വരുന്ന ഒരു വാചകമുണ്ട്. അനുഭവത്തിന്റെ മൂശയിൽ വാർന്നുവീണ ഒരു വാചകം
''ആദ്യം അവർ ജൂതന്മാരെ തിരഞ്ഞു വന്നു,
ഞാനൊന്നും പറഞ്ഞില്ല, കാരണം ഞാൻ ജൂതനല്ലായിരുന്നു.
പിന്നീടവർ കമ്യൂണിസ്റ്റുകളെ തേടിവന്നു,
ഞാനൊന്നും പറഞ്ഞില്ല, കാരണം
ഞാനൊരു കമ്യൂണിസ്റ്റല്ലായിരുന്നു.
പിന്നെ അവർ തൊഴിലാളികളെതേടിവന്നു,
ഞാനൊന്നും പറഞ്ഞില്ല, കാരണം
ഞാനൊരു തൊഴിലാളിയും അല്ലായിരുന്നു.
ഒടുവിൽ അവർ എന്നെത്തേടി വന്നു. അന്ന് എനിക്കുവേണ്ടി പ്രതികരിക്കാൻ ആരും ഇല്ലായിരുന്നു...''
എന്തിന് ആരോട് പറഞ്ഞു എന്ന് ചോതിക്കരുത്. എഴുതണം എന്ന് ഉദ്ദേശിച്ചതൊന്നുമല്ല എഴുതിയത്. എഴുതാൻ ഇനിയും ഏറെയുണ്ട്. ഒരു ഫോണും അതിൽ മലയാളം എഴുതാൻ കഴിയുന്ന സാങ്കേതികതയും ഉള്ളതുകൊണ്ട് മാത്രമാകാം ഞാൻ ഇതൊക്കെ എഴുതിയത്. പക്ഷേ ഇതൊക്കെ എനിക്ക് പറയാനുള്ളതാണ്. ആരോടോ, എന്തിനോ...
ഇനി ഞാനും പോകുന്നു. എന്റെ സുഖകരമായ ഇരുട്ടിലേയ്ക്ക്.
*ഹരികൃഷ്ണൻ മിതൃമ്മല*
Comments
Post a Comment