ഭീതി
- കഥ - ഹരികൃഷ്ണൻ ജി. ജി. നിരോധിക്കപ്പെട്ട പുസ്തകത്തിന്റെ പഴയ പതിപ്പുകൾ അലമാരയിൽ തിരയുമ്പോളാണ് ഭീതി എന്റെ സിരകളിലൂടെയും അരിച്ചു കയറാൻ തുടങ്ങിയത്. നിരോധിക്കപ്പെട്ട പുസ്തകം കൈവശം വൈക്കുന്നത് കുറ്റകരമാണെന്നും, കണ്ടെടുത്താൽ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്നും, അതിൽ തടസമൊന്നുമില്ലെന്ന് നിയമോപദേശം കിട്ടിക്കഴിഞ്ഞതായും അധികാരസ്ഥാനങ്ങളിൽ നിന്നും വാർത്തകൾ വന്നതോടെ പൊതു ലൈബ്രറികളിൽ നിന്നും പുസ്‌തകങ്ങൾ അപ്രത്യക്ഷമായി. സ്‌കൂൾ ഗ്രന്ഥാലയത്തിൽ പുസ്തകത്തിന്റെ പഴയ ഒരു പതിപ്പ് കണ്ടെത്തിയ വിദ്യാർത്ഥി സംഘം അദ്ധ്യാപകനെ തല്ലിക്കൊന്ന വാർത്ത പത്രങ്ങളിൽ വന്നിരുന്നു. ഗ്രന്ഥം സ്കൂൾ ലൈബ്രറിയിൽ നിന്നും മാറ്റുന്നതിൽ വീഴ്ച്ചവരുത്തിയ അദ്ധ്യാപകനെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പത്രക്കുറിപ്പിറക്കി. പൊതുജനങ്ങൾക്ക് സ്വകാര്യ ഗ്രന്ഥശേഖരങ്ങളിൽ സൂക്ഷിച്ചിട്ടുള്ള പ്രസ്തുത പുസ്തകത്തിന്റെ പതിപ്പുകൾ അടുത്തുള്ള പൊതു മേഖലാ സ്ഥാപനത്തിൽ സമർപ്പിച്ച് മാപ്പ് എഴുതി നൽകാനുള്ള അവസാന തീയതി വെള്ളിയാഴ്ച അവസാനിച്ചു. ...